തിരുപ്പതി: ലോകത്തെ ഭീതിയിലാഴ്ത്തി പടർന്നു പിടിക്കുകയാണ് കോവിഡ് മഹാമാരി. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതിനനുസരിച്ച് നമ്മുടെ ആശങ്കയും വര്‍ധിക്കുകയാണ്. ഇതിനിടെ രോഗത്തെ അതിജീവിച്ചവര്‍ നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഇപ്പോൾ രാജ്യത്തിന്റെ പ്രതീക്ഷയാകുകയാണ് 101 വയസുകാരിയായ തിരുപ്പതി സ്വദേശി മങ്കമ്മ. കോവിഡ് ബാധിതയായിരുന്ന മങ്കമ്മ ശനിയാഴ്ച ആശുപത്രി വിട്ടു. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ശ്രീ പദ്മാവതി വിമന്‍സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ചില ദിവസങ്ങൾക്ക് മുമ്പാണ് മുത്തശ്ശിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പാരമെഡിക്കല്‍ സ്റ്റാഫിന്റെയും മികച്ച പരിചരണത്തിലൂടെ ഇവര്‍ രോഗമുക്തി നേടി. ഈ പ്രായത്തിലും മങ്കമ്മ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നിൽക്കുകയും ചികിത്സയോടു സഹകരിക്കുകയും ചെയ്തതായും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.റാം പറഞ്ഞു.
ആരോഗ്യവതിയായാണ് മങ്കമ്മ ആശുപത്രി വിട്ടത്. എസ്വിഎംഎസ് ഡയറക്ടര്‍ ഡോ.ബി.വെങ്കമ്മയ്ക്കും മറ്റു ജീവനക്കാർക്കും മങ്കമ്മയുടെ കുടുംബം നന്ദി അറിയിച്ചു.
കോവിഡിനെ തോൽപ്പിച്ച് തിരുപ്പതി സ്വദേശിയായ 101 വയസുകാരി; ആശുപത്രി വിട്ടു
12:35 PM Jul 26, 2020 | Deepika.com