ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസം പാക്കിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അകാരണമായ ശത്രുത പാക്കിസ്ഥാന്റെ ശീലമാണെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ധീര സൈനികരെ അഭിവാദ്യം ചെയ്യുന്നുവെന്ന പറഞ്ഞ മോദി അവരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് ആശങ്ക തുടരുകയാണ്. എന്നാൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വ്യാപനം കുറവാണ്. രോഗബാധക്കെതിരേ ജാഗ്രത കൈവിടരുത്. ഈ പോരാട്ടം നമ്മൾക്ക് വിജയിച്ചേ തീരൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെ അകറ്റാൻ എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമാണ് ഏറ്റവും നല്ല ഔഷധമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; അകാരണമായ ശത്രുത അവരുടെ ശീലമെന്ന് വിമർശനം
12:07 PM Jul 26, 2020 | Deepika.com