ഭോപ്പാൽ: അഞ്ചുനേരം ഹനുമാൻ ചാലിസ ജപിച്ചാൽ കൊറോണ വൈറസ് പന്പ കടക്കുമെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കുർ. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള ഭൂമി പൂജനടക്കുന്നവരെ ഹനുമാൻ ശ്ലോകം ചൊല്ലാനാണു പ്രഗ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ആളുകൾക്ക് നല്ല ആരോഗ്യം കൈവരുന്നതിനും കൊറോണ വൈറസ് പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനുമായി നമുക്ക് ആത്മീയ വഴിയിൽ ഒന്നിക്കാം. ജൂലൈ 25 മുതൽ ഓഗസ്റ്റ് അഞ്ചു വരെ നിങ്ങൾ വീട്ടിലിരുന്ന് ഒരു ദിവസം അഞ്ച് തവണ ഹനുമാൻ ചാലിസ ചൊല്ലുക. ഓഗസ്റ്റ് അഞ്ചിന് വീട്ടിൽ വിളക്കുകൾ തെളിച്ചും ശ്രീരാമന് ആരതിയുഴിഞ്ഞും ഇത് അവസാനിപ്പിക്കാം- ബിജെപിയുടെ ഭോപ്പാൽ എംപി ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് നാലു വരെ ഭോപ്പാലിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബിജെപി സർക്കാർ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ അവർ വ്യക്തമാക്കി.
അഞ്ചുനേരം ഹനുമാൻ ചാലിസ; കൊറോണയ്ക്കു "മരുന്നുമായി’ പ്രഗ്യാ സിംഗ് താക്കുർ
08:37 AM Jul 26, 2020 | Deepika.com