ന്യൂഡൽഹി: 2028 ലോസ് ആഞ്ചൽസ് ഒളിന്പിക്സിൽ ഇന്ത്യ ആദ്യ പത്തു സ്ഥാനങ്ങളിൽ ഒന്നു കരസ്ഥമാക്കുമെന്നു കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. മോദി സർക്കാരിന്റെ പദ്ധതിയായ ടാർജറ്റ് ഒളിന്പിക് പോഡിയം ജൂനിയർ സ്കീം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു കായിക ശക്തിയാകുന്നത് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. അതിലേക്കാണു കേന്ദ്ര സർക്കാരും ലക്ഷ്യം വയ്ക്കുന്നത്. ലോസ് ആഞ്ചൽസ് ഒളിന്പിക്സിനായി കുട്ടികളെ വാർത്തെടുക്കുന്നതിനാണു ടാർജറ്റ് ഒളിന്പിക് പോഡിയം ജൂനിയർ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കഴിവുള്ള കുട്ടികളെ കണ്ടെത്തും. അവരുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കും. അവർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
2028 ലോസ് ആഞ്ചൽസ് ഒളിന്പിക്സിൽ മെഡൽ നേട്ടത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തുകയാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി പദ്ധതികളും പരിശീലനവും ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു.
10-12 വയസ് പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ടാർജറ്റ് ഒളിന്പിക് പോഡിയം ജൂനിയർ സ്കീം. ഈ പദ്ധതിയിലൂടെ കായിക ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്കു പരിശീലനം നൽകുകയും ചെയ്യും.
ലോസ് ആഞ്ചൽസ് ഒളിന്പിക്സിൽ ഇന്ത്യ ആദ്യ പത്തിൽ എത്തും: കേന്ദ്ര കായികമന്ത്രി
05:28 PM Jul 25, 2020 | Deepika.com