തിരുവനന്തപുരം: പിണറായി വിജയന് നേതൃത്വം നല്കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും കേരളത്തിലെ സിപിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സിപിഎം അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷ പാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ടുഴലുകയാണ് സിപിഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
സിപിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉള്ള നഗ്നമായ വ്യതിചലനമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദൃശ്യമാകുന്നത്. ഇപ്പോള്‍ കേരളത്തെ പിടിച്ച് കുലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാരിന്റെ ഐ ടി സെക്രട്ടറിയുമായിരുന്ന മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ശിവശങ്കരന് ഈ കള്ളക്കടത്തുറാക്കറ്റിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കരന് കയ്യാളിയിരുന്നത്.
കള്ളക്കടത്തിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ എന്ന തസ്തികയില്‍ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരന് ഇപ്പോള്‍ സസ്പെന്‍ഷനിലായിരിക്കുകയാണ്. അതൊടൊപ്പം കള്ളക്കടത്തു റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എന്‍ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇത്തരം വഴിവിട്ട് ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലന്ന് പറഞ്ഞ് കൈകഴുകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണെന്നരിക്കെ താനൊന്നുമറിയുന്നില്ല മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കുന്നു. കള്ളക്കടത്ത് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കുകയാണ്. വളരെയേറെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ കേസില്‍ നിയമസഭ സ്പീക്കറുടെയും സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെയും ഓഫീസുകളുമായുള്ള ബന്ധവും ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുകയാണ്.
സംസ്ഥാന മന്ത്രി സഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത നിയമവിരുദ്ധ ഏകാധിപത്യപരവുമായ തിരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിതമായ നയപരിപാടികളില്‍ നിന്നുള്ള നഗ്നമായ വ്യതിചലനമാണ് ഇവയില്‍ കാണുന്നത്. പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയില്‍ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.
പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം; ചെന്നിത്തല യെച്ചൂരിക്ക് കത്ത് നല്കി
10:34 AM Jul 20, 2020 | Deepika.com