ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ അനുശോചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയസമയത്ത് അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നൽകിയ പിന്തുണ ഈ സമയത്ത് ഓർക്കുന്നു- മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.
കേരളം പ്രളയക്കെടുതിയിലായ സമയത്ത് സുഷാന്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു ആരാധകന് വേണ്ടിയായിരുന്നു സുഷാന്ത് അത്രയും വലിയ തുക കേരളത്തിന് നൽകിയത്.
സുഷാന്തിന്റെ ഒരു പോസ്റ്റിന് താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകന്റെ കുറിപ്പാണ് സഹായത്തിനു കാരണമായത്. ന്ധപ്രളയദുരിതത്തിൽ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കൈയിൽ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും... പറയൂ... എന്നായിരുന്നു ആരാധകൻ കമന്റ് ചെയ്തത്.
ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയെത്തി. താങ്കളുടെ പേരിൽ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്. പിന്നീട് ഓണ്ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതിന്റെ ഫോട്ടോ ഷെയർ ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്തു.
"ആ സ്നേഹം കേരളം ഓർക്കും’; സുശാന്തിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
08:13 PM Jun 14, 2020 | Deepika.com