തൃശൂർ: നാല് ആരോഗ്യപ്രവർത്തകർക്കു കൂടി കോവിഡ് സ്ഥരീകരിച്ചതോടെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രി പൂർണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ നാല് ആരോഗ്യ പ്രവർത്തകർക്കാണു ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരിൽ ഒന്പതു പേർക്കു രോഗം ബാധിച്ചു. ഇതോടെ തൃശൂർ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ 24 ആയി. ഞായറാഴ്ച രണ്ടു നഴ്സിനും ഒരു ക്ലാർക്കിനും പിആർഒയ്ക്കുമാണു രോഗം പിടിപെട്ടത്. ഇവിടെ നിന്നുമെടുത്ത 161 സാന്പിളുകളിൽ 43 ഫലങ്ങൾ വരാനുണ്ട്.
മുൻ കരുതലിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. നൂറു ബെഡുകളാണ് ഇവിടെയുള്ളത്. ജില്ലയിൽ സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
അതേസമയം, ജില്ലയിൽ മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഒന്പത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു
08:03 PM Jun 14, 2020 | Deepika.com