മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോൾ ധോണിയായി അഭിനയിച്ച നടനാണ് സുശാന്ത് സിംഗ് രജ്പുത്. നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ "എംഎസ് ധോണി അണ്‍ടോൾഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തിനെ ബോളിവുഡിനു സുപരിചിതനാക്കിയത്.
ധോണിയുടെ വേഷത്തിനായി സിനിമയിലേക്കു തെരഞ്ഞെടുത്തതു മുതൽ കഠിനാധ്വാനത്തിലായിരുന്നു സുശാന്ത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരണ്‍ മോറെയ്ക്കു കീഴിൽ ഒരു വർഷത്തോളം നീണ്ട കഠിന പരിശീലനത്തിനുശേഷമാണ് എംഎസ് ധോണി അണ്‍ടോൾഡ് സ്റ്റോറിയിലേക്ക് നടൻ കാലെടുത്തുവച്ചത്.
താരത്തിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ധോണിയുടെ ആരാധകരും ക്രിക്കറ്റ് ലോകവും. സച്ചിൻ തെണ്ടുൽക്കർ, ഇർഫാൻ പഠാൻ, കിരണ്‍ മോറെ, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ ക്രുനാൽ പാണ്ഡ്യ, ഹർഷ ഭോഗ്ലെ, അജിൻക്യ രഹാനെ, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ, ഷുഹൈബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആർ.പി. സിംഗ്, വാഷിംഗ്ടണ്‍ സുന്ദർ, കമ്രാൻ അക്മൽ തുടങ്ങിയവരെല്ലാം സുശാന്തിന്റെ അനുശോചിച്ച് ട്വീറ്റ് ചെയ്തു.
യുവതാരത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ബോളിവുഡും സ്വീകരിച്ചത്. സ്തബ്ധനായതായും തനിക്ക് വാക്കുകളില്ലാതായെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. തീർത്തും സങ്കടകരമായ വാർത്തയാണെന്ന് അജയ് ദേവ്ഗണ് എഴുതി.
ബോളിവുഡിലെ ധോണി; ഒടുവിൽ മടക്കത്തിലും ധോണി സ്റ്റൈൽ സസ്പെൻസ്!
05:52 PM Jun 14, 2020 | Deepika.com