ആഫ്രിക്കയിൽ കോവിഡ് വ്യാപനം ദ്രുതവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

03:52 AM Jun 14, 2020 | Deepika.com
ജനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ് വ്യാപനം ദ്രുതവേഗത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ ആഴ്ച ആദ്യം ആഫ്രിക്കയിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ ആഫ്രിക്കൻ മേഖല ഡയറക്ടർ ഡോ. മറ്റ്ഷിഡിസോ മൊയേട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആഫ്രിക്കയിൽ രോഗ വ്യാപനം 98 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് കോവിഡ് രോഗികൾ ഒരു ലക്ഷത്തിലെത്തിയത്. എന്നാൽ 18 ദിവസങ്ങൾകൊണ്ടാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിയത്. മരണസംഖ്യം ആറായിരം കവിഞ്ഞതായും ഡോ. മറ്റ്ഷിഡിസോ വ്യക്തമാക്കി.

ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്ന് ശതമാനം മാത്രമാണ് ആഫ്രിക്കയിൽ സംഭവിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപന തോത് വളരെ ഏറെയാണ്. അതിവേഗമാണ് രോഗം പടർന്നുപിടിക്കുന്നത്. ആഫ്രിക്കയിൽ ഇതുവരെ 2,35,168 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6,272 പേർ മരിച്ചു. 1,08,622 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 1,20,274 പേർ ചികിത്സയിലാണ്.

ദക്ഷിണാഫ്രിക്കയിലാണ് കോവിഡ് ഏറെ മോശമായി ബാധിച്ചിരിക്കുന്നത്. 65,736 പേർക്കാണ് രോഗം ബാധിച്ചത്. 1,423 രോഗികൾ മരിച്ചു. 36,850 പേർക്ക് രോഗം ഭേദമായി. ഈജിപ്റ്റിൽ 42,980 രോഗബാധിതരിൽ 1,484 പേർ മരിച്ചു. 11,529 പേർ രോഗത്തെ അതിജീവിച്ചു.

നൈജീരിയയിൽ രോഗം ബാധിച്ചവർ 15,181. മരണം 399. രോഗം ഭേദമായവർ 4,891. ഘാനയിൽ രോഗം ബാധിച്ചവർ 11,118. മരണം 48. രോഗം ഭേദമായവർ 3,979.

അൾജീരിയയിൽ രോഗം ബാധിച്ചവർ 10,810. മരണം 760. രോഗം ഭേദമായവർ 7,420. ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിൽ 10,000 താഴെയാണ് കോവിഡ് രോഗികൾ.