മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 3,493 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 1,01,141 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 3,717 ആയി. 47,793 പേർ കോവിഡ് മുക്തരായി. 1,718 പേരാണ് ഇന്ന് ആശുപത്രി വിട്ടത്.
മഹാരാഷ്ട്രയിലെ മുംബൈയിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്തുതന്നെ കൂടുതൽ കോവിഡ് രോഗികൾ മുംബൈയിലാണ്. മുംബൈയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 55,000 കടന്നു. ഇന്ന് 1,366 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം 55,451 ആയി.
മുംബൈയിൽ ഇന്ന് 90 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മുംബൈയിൽ കോവിഡ് മരണം 2,044 ആയി.
രാജ്യത്തും കോവിഡ് കേസുകൾ മൂന്നു ലക്ഷം കവിഞ്ഞു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 3.01,579 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1.43 ലക്ഷം പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 1.49 ലക്ഷം പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; മുംബൈയിൽ മരണം 2,000 കടന്നു
08:47 PM Jun 12, 2020 | Deepika.com