പേരൂർക്കട: ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും മരണത്തിന് കീഴടങ്ങി. വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമ്പ് സ്വദേശി പൊന്നൻ (70) ആണ് വെള്ളിയാഴ്ച രാവിലെ ഭാര്യ ലീല(68)യെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം ജീവനൊടുക്കിയത്.
തലയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോലീസ് സർവീസിൽ നിന്നും എസ്ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭർത്താവ് പൊന്നൻ റിട്ട. എഎസ്ഐ ആണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
രാവിലെ പൊന്നനും ലീലയും തമ്മിൽ വഴക്കുണ്ടാക്കുകയും തടി കഷ്ണം എടുത്തു പൊന്നൻ ഭാര്യയുടെ തലയിൽ അടിക്കുകയുമായിരുന്നു. അടിയേറ്റ് ലീല അബോധാവസ്ഥയിലായി. സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ വിവരം അറിയുകയും ഇവർ പോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. ആംബുലൻസ് എത്തിയതോടെയാണ് ഭാര്യ മരിച്ചു എന്ന ധാരണയിൽ ഇയാൾ തൂങ്ങിമരിച്ചത്.
വട്ടിയൂർക്കാവിൽ റിട്ട. എഎസ്ഐ ജീവനൊടുക്കിയ സംഭവം; ഭാര്യയും മരിച്ചു
12:16 PM Jun 12, 2020 | Deepika.com