തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആനാട് സ്വദേശി ഉണ്ണിയാണ് മെഡിക്കൽ കോളജിൽ മരിച്ചത്. കോവിഡ് ഭേദമായി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ ഉടനെ തന്നെ ആശുപത്രി അധികൃതർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് പിന്നീട് മരിച്ചു.
ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് കടന്നുകളയാൻ ഇയാൾ ശ്രമിച്ചിരുന്നു. ആശുപത്രിയിൽനിന്നും മുങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി തിരികെ ത്തിക്കുകയായിരുന്നു. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാളുടെ രണ്ട് സ്രവ പരിശോധനാഫലങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നെഗറ്റീവായി. ഇതേതുടർന്ന് ആശുപത്രിയിൽനിന്ന് വിടുതൽ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽനിന്നു കടന്നു കളഞ്ഞത്. നാട്ടുകാർ പിടികൂടി തിരികെ എത്തിച്ച യുവാവ് ഐസൊലേഷൻ വാർഡിൽ രാവിലെ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.
കോവിഡ് രോഗിയുടെ ആത്മഹത്യ; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്
05:21 PM Jun 10, 2020 | Deepika.com