ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട് തെക്കേകപ്ലാശ്ശേരില് ടി.ജെ. സ്കറിയാ - മേരിക്കുട്ടി ദമ്പതികളുടെ മകന് ജോസ് ജോയിയുടെ (39)മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. എന്നാൽ ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം വന്നിരുന്നില്ല. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്രവ പരിശോധനാ ഫലം ലഭിച്ചത്.
അബുദാബിയില്‍ നിന്നും ഇക്കഴിഞ്ഞ 27 ന് നാട്ടില്‍ എത്തിയ ഇയാള്‍ ആലപ്പുഴ ജില്ലയില്‍ സ്വകാര്യ ലോഡ്ജില്‍ സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഗുരുതര കരൾ രോഗമുണ്ടായിരുന്ന ഇയാൾ രക്തം ഛര്ദ്ധിച്ചതിനെ തുടര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആറു മാസം മുമ്പാണ് ജോസ് ജോയ് അബുദാബിയിലേക്ക് പോയത്. ഇവിടെനിന്ന് നാട്ടിലേക്ക് മടങ്ങിവന്ന ഇദ്ദേഹത്തെ അധികൃതർ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. സഹോദരി ജോളി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
11:05 PM May 29, 2020 | Deepika.com