ചണ്ഡീഗഡ്: ഡൽഹിയിൽ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ച് ഹരിയാന. ഡൽഹിയിൽനിന്നും ഹരിയാനയിലേക്കുള്ള എല്ലാ അതിർത്തികളും അടയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു.
അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തേയ്ക്ക് ആളുകൾ പോകുന്നതോടെ രോഗം വ്യാപിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. അതിർത്തി ജില്ലകളിൽ ഡൽഹിയിൽനിന്ന് ആളുകൾ എത്തുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നും അനിൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫരിദാബാദിൽ 98 കോവിഡ് കേസുകളും സോണിപത്തിൽ 27 കേസുകളും ഗുരുഗ്രാമിൽ 111 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കർശന നടപടികളുമായി ഹരിയാന രംഗത്തെത്തിയത്.
കോവിഡ്: അതിർത്തികൾ അടച്ച് ഹരിയാന
10:07 PM May 28, 2020 | Deepika.com