പാരീസ്: കോവിഡ് രോഗികളുടെ ചികിത്സക്കായി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്ന നടപടി അവസാനിപ്പിച്ച് ഫ്രാൻസ്. മരുന്ന് ഉപയോഗിക്കാൻ നൽകിയിരുന്ന അനുമതി ഫ്രഞ്ച് സർക്കാർ പിൻവലിച്ചു. ഇത് കോവിഡിന് ഫലപ്രദമാണെന്നതിന് ആധികാരികമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് ഹൃദയ രോഗങ്ങൾക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന പഠനങ്ങളും ഫ്രഞ്ച് സർക്കാറിന്റെ തീരുമാനത്തിന് ആധാരമായി. കോവിഡ് രോഗികൾക്കുള്ള അടിയന്തിര മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാൻ മാർച്ചിലാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.
ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് രോഗികൾക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചതായി കണ്ടെത്താനായില്ലെന്ന പഠനം മുൻനിർത്തിയായിരുന്നു വിലക്ക്.
ഫ്രാൻസ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം അവസാനിപ്പിച്ചു
04:45 AM May 28, 2020 | Deepika.com