കുവൈറ്റ് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 608 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയി.
കൊറോണ വൈറസ് ബാധയെ തുടർന്ന് ഏഴു പേർ കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു ഇവർ. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരിൽ 200 പേർ ഇന്ത്യക്കാരാണ്. ഇതുവരെയായി 7230 ഇന്ത്യക്കാർക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.
ഫർവാനിയ ഗവർണറേറ്റിൽ 180, അഹ്മദി ഗവർണറേറ്റിൽ 175, ഹവാലി ഗവർണറേറ്റിൽ 114, ക്യാപിറ്റൽ ഗവർണറേറ്റിൽ 78, ജഹ്റ ഗവർണറേറ്റിൽ 61 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 685 പേർ ചൊവ്വാഴ്ച രോഗവിമുക്തരായി.
ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7138 ആയി. 15097 പേരാണു ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 196 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുള്ള അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈറ്റിൽ 7,230 ഇന്ത്യക്കാർ കോവിഡ് രോഗബാധിതർ; 608 പുതിയ കേസുകൾ
08:02 PM May 26, 2020 | Deepika.com