മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കുറ്റപ്പെടുത്തി കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപം. മഹാരാഷ്ട്ര സർക്കാരിന് കോണ്ഗ്രസ് പിന്തുണ നൽകുന്നതു മാത്രമേ ഉള്ളുവെന്നും ഭരിക്കുന്നത് കോണ്ഗ്രസ് അല്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നിരുപമിന്റെ വിമർശനം.
മുഖ്യമന്ത്രി എല്ലാ ദിവസവും ജനങ്ങളോടു സംസാരിക്കുന്നുണ്ട്. എന്നാൽ സഖ്യകക്ഷികളുമായി ഇത്തരത്തിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ 60 ദിവസങ്ങളിലുണ്ടായ 60 തിരിച്ചടികൾ ഒഴിവാക്കാമായിരുന്നു. അദ്ദേഹം എല്ലാ ദിവസവും തീരുമാനങ്ങൾ മാറ്റുകയാണ്. ചില തീരുമാനങ്ങൾ തെറ്റുന്നു, ചിലത് വൈകുന്നു. കൊറോണ പ്രതിസന്ധി വർധിക്കാൻ ഇതു കാരണമാകുന്നുണ്ടെന്നും നിരുപം തുറന്നടിച്ചു.
മഹാരാഷ്ട്ര സഖ്യസർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിരുപമിന്റെ വിമർശനം. സർക്കാരിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ഉദ്ധവ് താക്കറെയുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പരാമർശം.
മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ഉദ്ധവിനെ കുറ്റപ്പെടുത്തി കോണ്ഗ്രസ് നേതാവ്
06:09 PM May 26, 2020 | Deepika.com