ടെൽ അവീവ്: ഇസ്രയേലിലെ ചൈനീസ് സ്ഥാനപതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ടെൽ അവീവിലെ തന്റെ അപ്പാർട്ട്മെന്റിലാണ് ഡു വെയ്നെ (57) മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡൂവിന്േറത് സ്വാഭാവിക മരണമാണെന്നും രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചെന്നും പോലീസ് വക്താവ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ് ഇസ്രായേലിലെ ചൈനീസ് സ്ഥാനപതിയായി ചുമതലയേൽക്കുന്നത്. ഇതിന് മുൻപ് യുക്രെയ്നിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യയും മകനുമുണ്ടെങ്കിലും ഇരുവരും അദ്ദേഹത്തോടൊപ്പം ടെൽ അവീവിൽ താമസിക്കുന്നില്ലെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച ഇസ്രയേൽ സന്ദർശനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ ചൈന വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഇസ്രയേലിലെ ചൈനീസ് എംബസി രംഗത്തെത്തിയിരുന്നു. പോംപിയോയുടെ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ചൈനീസ് എംബസി പ്രതികരിച്ചത്.
ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി മരിച്ചനിലയിൽ; അന്ത്യം യുഎസ് വിമര്‍ശനത്തിനു പിന്നാലെ
04:24 PM May 17, 2020 | Deepika.com