ന്യൂഡല്‍ഹി: മദ്യശാലകള്‍ അടയ്ക്കണമെന്ന ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജി കോടതി തള്ളി. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, എസ്.കെ. കൗള്‍, ബി.ആര്. ഗവായി എന്നിവരടങ്ങിയ ബഞ്ച് വിലയിരുത്തി. നിസാരമായ ഇത്തരം ഹര്‍ജികളുമായി വരുന്നവരില്‍ നിന്നും പിഴ ഈടാക്കണമെന്ന് ജസ്റ്റീസ് റാവു ചൂണ്ടിക്കാട്ടി.
പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അദ്ദേഹം രോഗലക്ഷണങ്ങള്‍ കാണിക്കാത്ത നിരവധി കേസുകള്‍ രാജ്യത്തുണ്ടെന്ന് കോടതിയെ ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യ വില്‍പ്പനയും തമ്മില്‍ എന്താണ് ബന്ധമെന്നായിരുന്നു കോടതിയുടെ ചോദ്യം.
മദ്യശാലകള്‍ അടയ്ക്കണമെന്ന് ഹര്‍ജി; അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി
02:29 PM May 15, 2020 | Deepika.com