കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഡിജിറ്റല്‍ റിലീസിനൊരുങ്ങി മലയാള സിനിമയും. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്. മലയാള ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ ഡിജിറ്റലായി റിലീസ് ചെയ്യുന്നത്.
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥി റാവുവാണ് നായിക. വിജയ് ബാബുവാണ് സിനിമ നിര്‍മിച്ചത്. ഡിജിറ്റല്‍ റിലീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു.
എന്നാല്‍ തീരുമാനത്തിനെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തി. ഈ തീരുമാനം തീയറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുമെന്നും തീരുമാനത്തെ അംഗീകരിക്കില്ലെന്നും ഫിലിം ചേബര്‍ വ്യക്തമാക്കി.
അതേസമയം, ബോളിവുഡിൽ വിദ്യാ ബാലന് നായികയാകുന്ന ശകുന്തള ദേവി, അമിതാഭ് ബച്ചന് നായകനാകുന്ന ഗുലാബി സിതാബോ എന്നീ സിനിമകളും ജ്യോതികയുടെ തമിഴ് ചിത്രം പൊന്മകള് വന്താല്‍, കീര്‍ത്തിയുടെ പെന്ഗ്വിന് കന്നഡ സിനിമകളായ ലോ, ഫ്രെഞ്ച് ബിരിയാണി എന്നീ ചിത്രങ്ങളും ഡിജിറ്റല്‍ റിലീസിനൊരുങ്ങുകയാണ്.
പുതുവഴി തേടി മലയാള സിനിമ; ജയസൂര്യ ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു
12:49 PM May 15, 2020 | Deepika.com