കോൽക്കത്ത: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ ശക്തമായ വിമർശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങൾക്ക് ഒന്നുമില്ലെന്ന് മമത പറഞ്ഞു. സാമ്പത്തിക പാക്കേജ് വട്ടപൂജ്യമാണെന്ന് മമത കൂട്ടിച്ചേർത്തു.
കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വട്ടപൂജ്യമാണ്. ഇത് ജനങ്ങളെ വിഢികളാക്കാനുള്ള തട്ടിപ്പാണ്. ഇതിൽ അസംഘടിത മേഖലയ്ക്കും പൊതുവ്യയത്തിനും തൊഴിൽ സൃഷ്ടിക്കുന്നതിനും ഒന്നുമില്ല- മമത പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനങ്ങളുടെ താൽപര്യം കണക്കിലെടുക്കുമെന്നും എഫ്ആർബിഎം പരിധി വർധിപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ന്, കേന്ദ്ര ധനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ ഇന്നലെ പറഞ്ഞതെല്ലാം വീമ്പിളക്കൽ മാത്രമാണെന്ന് മനസിലായെന്നും ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് വട്ടപൂജ്യം; ആഞ്ഞടിച്ച് മമത
07:56 PM May 13, 2020 | Deepika.com