ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടർന്നു രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കായി എയർ ഇന്ത്യ പ്രത്യേക ആഭ്യന്തര സർവീസ് ആരംഭിക്കുന്നു. മേയ് 19 മുതൽ പ്രത്യേക വിമാന സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ജൂണ്‍ രണ്ട് വരെ എയർ ഇന്ത്യയുടെ പ്രത്യേക സർവീസുണ്ടാകും.
ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലക്നോ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഡല്‍ഹിയില്‍ നിന്ന് 173 സർവീസുകളും മുംബൈയില്‍ നിന്ന് 40 സർവീസും ഹൈദരാബാദില്‍നിന്ന് 25 സർവീസും കൊച്ചിയില്‍ നിന്ന് 12 സർവീസുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കുശേഷം പ്രാബല്യത്തിൽ വരും.
എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസ് മേയ് 19 മുതൽ
04:06 PM May 13, 2020 | Deepika.com