തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനം. വെള്ളിയാഴ്ച സംസ്ഥാനത്ത് മൂന്ന് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരും കാസർഗോഡ് ജില്ലക്കാരാണ്- മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ചവർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്.
15 പേർക്കാണ് ഇന്ന് രോഗം ഭേദപ്പെട്ടത്. കാസർഗോഡ് അഞ്ച് പേർക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ മൂന്നു പേർക്കും കൊല്ലം ജില്ലയിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്. 450 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. നിലവിൽ 116 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് 144 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത്. ഇവിടെ 56 പേരാണ് ചികിത്സയിലുള്ളത്. കാസർഗോഡ് 18 പേരും ചികിത്സയിസലുണ്ട്. തൃശൂരും ആലപ്പുഴയും കോവിഡ് മുക്ത ജില്ലകളായി. നിലവിൽ ഈ ജില്ലകളിൽ ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് മൂന്നു പേർക്ക് കോവിഡ്; 15 പേർ രോഗമുക്തരായി
05:19 PM Apr 24, 2020 | Deepika.com