ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 50,243 പേരുടെ മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ന്യൂയോർക്കിൽ മാത്രം 20,861 പേർ മരിച്ചു. വ്യാഴാഴ്ച 2,342 മരണങ്ങളുണ്ടായി.
ഏപ്രിൽ 21ന് 2,683 മരണങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇതുവരെയുള്ള ഒരു ദിവസത്തെ ഉയർന്ന കണക്ക്. ദിവസങ്ങളായി അമേരിക്കയിൽ മരണനിരക്ക് ഉയർന്നിരിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം അമേരിക്കയിൽ ഒൻപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. 8.87 ലക്ഷം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 85,922 പേരാണ് രോഗമുക്തി നേടിയത്. പതിനയ്യായിരത്തോളം പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുമ്പോഴും അമേരിക്കയിൽ നിയന്ത്രണങ്ങൾ ശക്തമല്ല. പല മേഖലകളിലും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആളുകൾ പ്രതിഷേധം നടത്തുന്നുണ്ട്. ഇതും സർക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
അമേരിക്കയിൽ കോവിഡ് മരണം അരലക്ഷം കടന്നു
01:59 PM Apr 24, 2020 | Deepika.com