തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി ഛത്തീ​സ്ഗ​ഡി​ലേ​ക്ക്; വീ​ട​ണ​യും മു​മ്പ് 12കാ​രി മ​രി​ച്ചു

11:01 AM Apr 21, 2020 | Deepika.com
ബി​ജാ​പു​ർ: തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ് ബി​ജാ​പു​ർ സ്വ​ദേ​ശി​യാ​യ പെൺകുട്ടി വ​ഴി​മ​ധ്യേ ത​ള​ർ​ന്നു വീ​ണു മ​രി​ച്ചു. ജം​ലോ മ​ക്ഡം(12) ആ​ണ് മ​രി​ച്ച​ത്. ലോ​ക്ഡൗ​ൺ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ ക​ന്നൈ​ഗു​ഡ ഗ്രാ​മ​ത്തി​ലെ മു​ള​കു​പാ​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം പെ​ൺ​കു​ട്ടി 150 കി​ലോ​മീ​റ്റ​ർ യാ​ത്ര​യ്ക്ക് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 15ന് ​കാ​ൽ​ന​ട​യാ​ത്ര ആ​രം​ഭി​ച്ച തൊ​ഴി​ലാ​ളി സം​ഘ​ത്തി​നൊ​പ്പം പെ​ൺ​കു​ട്ടി 100 കി​ലോ​മീ​റ്റ​റോ​ളം ന​ട​ത്തം പി​ന്നി​ട്ടി​രു​ന്നു. ഏ​പ്രി​ൽ 18ന് ​ബി​ജാ​പു​രി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് പെ​ൺ​കു​ട്ടി ത​ള​ർ​ന്നു വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​ൻ പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

നി​ർ​ജ​ലീ​ക​ര​ണ​വും ത​ള​ർ​ച്ച​യു​മാ​യാ​ണു മ​ര​ണ കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നെ​ന്നും ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.