ന്യൂഡൽഹി: കോവിഡ് 19യുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന വിമാന സർവീസ് പുനഃരാരംഭിക്കാൻ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്രസർക്കാർ തീരുമാനം വരുംവരെ വിമാനക്കന്പനികൾ ബുക്കിംഗ് ആരംഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തശേഷമേ വിമാനക്കന്പനികൾ ബുക്കിംഗ് തുടങ്ങാവു എന്നും ഹർദീപ് സിംഗ് കൂട്ടിച്ചേർത്തു.
നേരത്തെ എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സർവീസുകൾ ആരംഭിക്കാനായിരുന്നു എയർ ഇന്ത്യയുടെ പദ്ധതി. മേയ് നാല് മുതൽ ചില ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
ആഭ്യന്തര സർവീസുകൾക്ക് പുറമേ രാജ്യാന്തര സർവീസുകളും ജൂണ്‍ ഒന്നുമുതൽ പുനഃരാരംഭിക്കാനും എയർ ഇന്ത്യ തീരുമാനിച്ചിരുന്നു.
വിമാന സർവീസ് പുനഃരാരംഭിക്കാൻ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം
11:48 PM Apr 18, 2020 | Deepika.com