കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജനെ പിടികൂടാന്‍ പ്രത്യേക സംഘം രൂപികരിച്ചു. തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് അന്വേഷണം നടത്തുക.
പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന് ഇതേ സ്കൂളിലെ ശുചിമുറിയില്‍ വച്ച് കുട്ടിയെ മൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ എസ്പി ഓഫീസിന് മുന്പില് നിരാഹാര സമരം ചെയ്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവര്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിരാഹാരം തുടരുകയാണ്.
ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡിജിപിയെ വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാനൂര്‍ പീഡന കേസ്; ബിജെപി നേതാവിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം
03:10 PM Apr 15, 2020 | Deepika.com