‌ദ​ളി​ത് സ്ത്രീ ​ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ലെ​ന്ന് വാ​ശി; ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​യാ​ൾ​ക്കെ​തി​രെ കേ​സ്

11:24 AM Apr 14, 2020 | Deepika.com
ഗോരഖ്പുർ: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ദ​ളി​ത് സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ ​പാ​ചകം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഉത്തർപ്രദേശ് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്.

ഖു​ശി​ന​ഗ​ർ ജി​ല്ല​യി​ലെ ഭു​ജൗ​ലി ഖു​ർ​ദ് ഗ്രാ​മ​വാ​സി​യാ​യ സെ​റാ​ജ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്.

ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളാ​ണ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ അ​ഞ്ച് പേ​ർ ക​ഴി​യു​ന്നു​ണ്ട്. ഡൽഹിയി​ൽനി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം സെ​റാ​ജ് അ​ഹ​മ്മ​ദ് ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

പ‌ാ​ച​ക​ക്കാ​ര​ൻ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ലീ​ലാവ​തി എ​ന്ന് പേ​രു​ള്ള സ്ത്രീ ​ഭ​ക്ഷ​ണം ത​യാ​റാ​ക്കാൻ എത്തിയത്. എ​ന്നാ​ൽ ഈ ​ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ലെ​ന്ന് ഇ​യാ​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് ദേ​ശ്ദീ​പ​ക് സിം​ഗ്, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ര​മാ​കാ​ന്ത് എ​ന്നി​വ​രെ ലീ​ലാ​വ​തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ചു.

പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ എ​സ്‌​സി, എ​സ്ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടുക്കുകയായിരുന്നു. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി ഖ​ദ്ദ പോ​ലീ​സ് അ​റി​യി​ച്ചു.

സംഭവത്തെ തുടർന്ന് ലീ​ലാ​വ​തി​യു​ടെ വീ​ട്ടി​ൽ ബി​ജെ​പി എം​എ​ൽ​എ വി​ജ​യ് ദു​ബൈ എ​ത്തു​ക​യും ഭ​ക്ഷ​ണം കഴിക്കുകയും ചെ​യ്തു.