ഛണ്ഡിഗഡ്: കോവിഡ് 19 രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച് ഹരിയാന സർക്കാർ.
ഐസൊലേഷൻ വാർഡുകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സഹായികൾ എന്നിവരുടെ ശമ്പളമാണ് സർക്കാർ വർധിപ്പിച്ചത്.
കുടുംബവും ജീവഭയവും മറന്ന് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ആരോഗ്യപ്രവർത്തകരുമായി നടത്തിയ വീഡിയോ കോണ്ഫറൻസിനിയെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ രോഗബാധയേൽക്കുന്ന പോലീസുകാരുടെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധയേൽക്കുന്ന പോലീസുകാരന്റെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ച മൂലം സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വിവിധ സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസത്തിന് ആവശ്യപ്പെടുമ്പോഴാണ് ഹരിയാന സർക്കാർ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
169 പേർക്കാണ് ഹരിയാനയിൽ ഇതുവരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ
12:20 PM Apr 10, 2020 | Deepika.com