കൊ​റോ​ണ വ്യാ​പ​നം തു​ട​രു​ന്നു; ലോ​ക​ത്താ​കെ മ​ര​ണം ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു

06:25 AM Apr 10, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് ലോ​ക​ത്താ​കെ 95,693 പേ​ർ മ​രി​ച്ചു. 1,603,163 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ൽ വ്യാ​ഴാ​ഴ്ച ഒ​റ്റ​ദി​വ​സം 1,900 പേ​രാ​ണ് മ​രി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​തും അ​മേ​രി​ക്ക​യി​ലാ​ണ്.

ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 16,691 ആ​യി. ഇ​ന്ന​ലെ മാ​ത്രം 33,536 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ 468,566 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടു. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം. വ്യാ​ഴാ​ഴ്ച 799 പേ​രാ​ണ് മ​രി​ച്ച​ത്. പു​തു​താ​യി 10,333 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ഫ്രാ​ൻ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. ഫ്രാ​ൻ​സി​ൽ 1,341 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 12,210 പേ​ർ ആ​കെ മ​ര​ണ​പ്പെ​ട്ടു. 4,799 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 117,749 ആ​യി ഉ​യ​ർ​ന്നു.

വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ൽ സ്ഥിതി ഏറെക്കുറെ ശാന്തമാണ്. ഇ​ന്ന​ലെ ര​ണ്ടു പേ​ർ മ​രി​ച്ചു. പു​തു​താ​യി 63 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.