അബുദാബി: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശവുമായി യുഎഇ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളില്ലെങ്കിലും മാസ്കുകൾ ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു.
രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കുന്നതാണ് ഉചിതം. നേരത്തെ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ കൂടുതൽ പഠനങ്ങളിലൂടെ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയിരിക്കുന്നതായും ഹൊസനി അറിയിച്ചു.
രാജ്യത്ത് ഇന്ന് പുതുതായി 241 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 1,505 ആയി ഉയർന്നു. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് 17 പേർ കൂടി രോഗം ഭേദമായതോടെ ആകെ 125 പേർ രോഗമുക്തിനേടി. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായി ഹൊസനി പറഞ്ഞു.
യുഎഇയിൽ 241 പേർക്ക് കൂടി കൊറോണ; എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിർദേശം
11:20 PM Apr 04, 2020 | Deepika.com