തൃശൂര്‍: മേളപ്രമാണി ചക്കംകുളം അപ്പുകുട്ടന്‍ മാരാര്‍ (91) അന്തരിച്ചു. തലോരിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം തലോര്‍ ചക്കംകുളങ്ങര മാരാത്ത് വീട്ടുവളപ്പില്‍ നടത്തി. ചക്കംകുളം അപ്പുമാരാരുടെ സഹോദരനാണ്. പെരുവനം ആറാട്ടുപുഴ പൂരം, തൃശൂര്‍ പൂരത്തിനുള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്.
ചക്കംകുളം ശാസ്താവിന്റെ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തരക്കാരനായിരുന്നു. ചക്കംകുളങ്ങര മാരാത്ത് കുഞ്ഞുകുട്ടി മാരസ്യാരുടേയും പണ്ടാരത്തില്‍ മാരാത്ത് നാരായണ മാരാരുടേയും മകനാണ്.
അച്ഛന് പണ്ടാരത്തില്‍ നാരായണ മാരാരില്നിന്നാണ് വാദ്യകലയുടെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്. പിന്നീട് അമ്മാവനില്‍നിന്നും ജ്യേഷ്ഠ സഹോദരന് ചക്കംകുളം അപ്പുമാരാരില്നിന്നും കൂടുതല്‍ പരിശീലനം നേടി.
ഉത്സവ വേദികളില്‍ ചക്കംകുളം സഹോദരന്മാരുടെ മേളമുണ്ടെന്ന് അറിഞ്ഞാല്‍ മേളാസ്വാദകരുടെ ഒഴുക്കിന്റെ കാലമുണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി തലോര്‍ ചക്കംകുളങ്ങര മാരാത്ത് വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
മേളപ്രമാണി ചക്കംകുളം അപ്പുകുട്ടന്‍ മാരാര്‍ അന്തരിച്ചു
12:21 PM Apr 01, 2020 | Deepika.com