വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണ വൈറസ് മൂലമുള്ള മരണങ്ങൾ വരുന്ന രണ്ടാഴ്ചക്കുള്ളിൽ അതിന്റെ പാരമ്യത്തിലെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ സർക്കാരിന്റെ “സാമൂഹിക അകലം പാലിക്കൽ” മാർഗനിർദേശങ്ങൾ ഏപ്രിൽ 30 വരെ നീട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ചയ്ക്കുള്ളിൽ മരണനിരക്ക് ഏറ്റവും ഉയർന്ന തോതിൽ എത്തുമെന്ന് കണക്കുകൾ പറയുന്നു. ജൂൺ ഒന്നോടെ കോവിഡിനെ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഈസ്റ്ററോടെ കൊറോണ വ്യാപനം അവസാനിപ്പിക്കാനാകുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
ചൈനയെയും പിന്തള്ളി അമേരിക്കയാണ് കൊറോണ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. അമേരിക്കയിൽ ഞായറാഴ്ച മാത്രം 18,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി. 255 പേർ ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 2,475 ആയി.
സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി അമേരിക്ക
07:20 AM Mar 30, 2020 | Deepika.com