വാഷിംഗ്ടൺ: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് അമേരിക്കയിൽ പിഞ്ച് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഇല്ലിനോയിലെ ചിക്കോഗോയിലാണ് മരണം സംഭവിച്ചത്. കൊറോണ ബാധിച്ച് ആദ്യമായാണ് പിഞ്ച് കുഞ്ഞ് മരിക്കുന്നത്. കുട്ടിക്ക് ഒരുവയസിൽ താഴെയാണ് പ്രായം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവർണർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച കാലിഫോർണിയയിൽ കൊറോണ ബാധിച്ച് കൗമാരക്കാരൻ മരിച്ചിരുന്നു. ഫ്രാൻസിൽ 16 വയസുള്ള പെൺകുട്ടിയും കൊറോണ ബാധിച്ച് മരിച്ചു. പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് വൈറസ് മാരകമായി ബാധിക്കുന്നതെന്ന് നിരവധി പഠനങ്ങൾ ഇതിനകം കണ്ടെത്തിയിരുന്നു.
അമേരിക്കയിൽ പിടിതരാതെ കൊറോണ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 19,302 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊറോണ ബാധിതരുടെ എണ്ണം 123,428 ആയി. ഇന്നലെ ഒറ്റദിവസം 515 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,211 ആയി ഉയർന്നു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇവിടെ ശനിയാഴ്ച 277 പേർ മരിച്ചു. 7,131 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കരുണയില്ലാതെ കൊറോണ; അമേരിക്കയിൽ പിഞ്ച് കുഞ്ഞ് മരിച്ചു, ഇന്നലെ മാത്രം 515 മരണം
06:45 AM Mar 29, 2020 | Deepika.com