കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിയമനം നൽകിയ സംഭവത്തിൽ കണ്ണൂർ കോൺഗ്രസിൽ വിവാദം. മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവർത്തകന്റെ സഹോദരിക്കാണ് കോൺഗ്രസ് നേതാവിന്റെ തലശേരിയിലെ സ്ഥാപനത്തിൽ ജോലി നൽകിയത്.
മണ്ഡലം പ്രസിഡന്റിന്റെ ശിപാർശ കത്തോടെയാണ് പെൺകുട്ടി ജോലി തേടി കോൺഗ്രസ് നേതാവിനെ സമീപിച്ചത്. തുടർന്ന് സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു. ഇതിനിടയിലാണ് സംഭവം വിവാദമായത്. പെൺകുട്ടി ജോലി രാജിവച്ചെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസും കെഎസ്യുവും കണ്ണൂർ ഡിസിസിയോട് ആവശ്യപ്പെട്ടു. ജോലി നൽകിയതിനെ കുറിച്ചും ശിപാർശ കത്ത് നൽകിയതിനെ കുറിച്ചും ഡിസിസിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ ജോലി; വിവാദം
02:10 PM Feb 22, 2020 | Deepika.com