കൊച്ചി: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിക്കളഞ്ഞത്.
പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജി അപക്വമാണെന്നും പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പ് അന്വേഷണം നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പോലീസിന്റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വെടിയുണ്ട: മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് വേണ്ടെന്നു കോടതി
06:19 PM Feb 19, 2020 | Deepika.com