ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താരമായി "മിനി മഫ്ളർമാൻ’. അവ്യാൻ തോമർ എന്ന ഒരുവയസുകാരനാണു രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേജരിവാളിന്റെ അപരനായി കൈയടി നേടിയത്.
ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയാഘോഷങ്ങൾക്കിടെയാണ് അവ്യാൻ സമൂഹമാധ്യമങ്ങളിൽ താരമായത്. പാർട്ടിയുടെ ചിഹ്നമുള്ള തൊപ്പിയും കുഞ്ഞു കണ്ണടയും ധരിച്ച്, കഴുത്തിനു ചുറ്റും മഫ്ളർ ചുറ്റി, മെറൂണ്‍ കളറിൽ വി നെക്കുള്ള സ്വെറ്റർ ധരിച്ചായിരുന്നു അവ്യാന്റെ രൂപമാറ്റം. കേജരിവാളിനെ മഫ്ളർമാൻ എന്നും വിശേഷിപ്പിക്കാറുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അവ്യാനെ ആം ആദ്മി പാർട്ടി ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നു. ആം ആദ്മി പാർട്ടി നേതാവ് ഭഗവത് മൻ ഉൾപ്പെടെയുള്ളവർ ഷേക്ക്ഹാൻഡ് നൽകിയാണ് അവ്യാനെ സ്വീകരിച്ചത്. രാഘവ് ഛദ്ദ അവ്യാനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തു.
2015-ൽ കേജരിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്പോൾ അവ്യാന്റെ മൂത്ത സഹോദരി ഫെയറിയും കേജരിവാളിന്റെ വേഷം ധരിച്ച് എത്തിയിരുന്നു. അവ്യാന്റെ അച്ഛൻ തോമർ വ്യാപാരിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമാണ്.
രാംലീലയിൽ താരമായി "മിനി മഫ്ളർമാൻ’; അപരനു കൈകൊടുത്ത് നേതാക്കൾ
05:03 AM Feb 17, 2020 | Deepika.com