ന്യൂഡൽഹി: ഡൽഹിയിൽ പാർട്ടി വൻ പരാജയം നേരിട്ടെങ്കിലും പൗരത്വ നിയമദേഗതി ബില്ലിനെ സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും ഗുണം ചെയ്തുവെന്ന് ബിജെപിയുടെ കണ്ടെത്തൽ. രാജ്യമൊട്ടാകെ ബില്ലിനെതിരേ പ്രക്ഷോഭം തുടരുന്പോഴും തങ്ങളുടെ വോട്ട് ബാങ്കിൽ ഇതു വിള്ളൽ വീഴ്ത്തിയിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ കരുതുന്നു. ഡൽഹിയിലെ വോട്ട് വിഹിതം ആറു ശതമാനം കൂടിയത് ഇതിനു തെളിവാണെന്ന് ബിജെപി വിലയിരുത്തുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൗരത്വ നിയമം ഒരു പ്രധാന പ്രചാരണായുധമാക്കി മാറ്റാണ് പാർട്ടി തീരുമാനം. ഡൽഹിയിൽ ആംആദ്മി പാർട്ടി ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച് ശക്തമായ പ്രചാരണവുമായ് മുന്നോട്ടു പോകും.
ഈ വർഷവും അടുത്ത വർഷവുമായ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാർ, കേരളം, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരേയുള്ള എതിർപ്പുകൾ ശക്തമാണ്. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് എതിർ പാർട്ടികളുടെ ആരോപണങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രങ്ങൾ മെനയുമെന്ന് മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിവാദം ഡൽഹിയിൽ ഗുണം ചെയ്തെന്ന് ബിജെപി
05:52 PM Feb 12, 2020 | Deepika.com