ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അവിസ്മരണീയ സ്വീകരണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനം പ്രത്യേകതയുള്ളതാണ്. ഇന്ത്യ-യുഎസ് ബന്ധം ഈ സന്ദര്‍ശനത്തോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്നും മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയും യുഎസ്എയും ജനാധിപത്യത്തോടും ബഹുസ്വരതയോടും പ്രതിബദ്ധത പുലര്‍ത്തുന്ന രാജ്യങ്ങളാണ്. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരന്മാര്ക്ക് മാത്രമല്ല ലോകത്തിനാകെ വേണ്ടിയുള്ളതാണ്- പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കുശേഷം അഹമ്മദാബാദിലും ട്രംപ് പോകും. പ്രഥമ വനിത മെലാനിയയും ട്രംപിനൊപ്പം ഉണ്ടാകും. ട്രംപ് പ്രസിഡന്റായ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. തിങ്കളാഴ്ച ഇന്ത്യയുടെ പുതിയ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു അധികാരപത്രങ്ങള്‍ സമര്‍പ്പിച്ച അവസരത്തിലാണ് ട്രംപ് ഔപചാരിക പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ-അമേരിക്ക സൈനിക സഹകരണം വിപുലമായി വരുന്ന അവസരത്തിലാണ് ട്രംപിന്റെ സന്ദര്‍ശനം. ഇന്ത്യക്ക് ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം (ഐഎഡിഡബ്ല്യുഎസ്) വില്ക്കുന്നതിനു യുഎസ് ഭരണകൂടം അനുമതി നല്കിയ കാര്യവും തിങ്കളാഴ്ചയാണു പ്രഖ്യാപിച്ചത്. 186.7 കോടി ഡോളര്‍ (13256 കോടി രൂപ) വിലവരുന്നതാണ് ഈ സിസ്റ്റം. സെന്റിനല്‍ റഡാര്‍ സിസ്റ്റം, അമ്രാം മിസൈലുകള്‍, സ്റ്റിംഗര്‍ മിസൈലുകള്‍, എം4എ1 റൈഫിളുകള്‍ എന്നിവ ഉള്‍പ്പെട്ടതാണു സിസ്റ്റം. ഇതിന്റെ കരാര്‍ സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കും.
വാണിജ്യക്കരാര്‍ സംബന്ധിച്ചു പലവട്ടം ചര്‍ച്ച നടന്നെങ്കിലും ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയില്ല. കാര്‍ഷികോത്പന്നങ്ങള്‍ അടക്കം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ആവശ്യപ്പെടുന്നത്ര ഇളവ് ചുങ്കത്തില്‍ നല്കാന് ഇന്ത്യ തയാറല്ല. ഇനിയുള്ള ദിവസങ്ങളില്‍ ഇന്ത്യയോ അമേരിക്കയോ വലിയ വിട്ടുവീഴ്ച നടത്തുന്നില്ലെങ്കില്‍ കരാര്‍ ഉണ്ടാവുകയില്ല.
ട്രംപിന് അവിസ്മരണീയ സ്വീകരണം ഒരുക്കാനൊരുങ്ങി മോദി
01:18 PM Feb 12, 2020 | Deepika.com