സീറ്റില്‍ സെറ്റായി സിറ്റിംഗുകാര്‍; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 44 എംഎല്‍എമാര്‍

12:37 PM Feb 12, 2020 | Deepika.com
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരില്‍ ഭൂരിപക്ഷവും സിറ്റിംഗുകാര്‍. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ 44 എംഎല്‍എമാരാണ് സീറ്റ് നിലനിര്‍ത്തിയത്. റോഹിണി മണ്ഡലത്തില്‍നിന്നുള്ള വിജേന്ദര്‍ ഗുപ്ത, വിശ്വാസ് നഗറില്‍നിന്നുള്ള ഒ.പി ശര്‍മ എന്നിവരാണ് ബിജെപിക്കായി സീറ്റ് നിലനിര്‍ത്തിയത്.

മുന്‍ എഎപി എംഎല്‍എ അനില്‍ കുമാര്‍ ബാജ്‌പേയി തന്റെ സീറ്റ് നിലനിര്‍ത്തിയെങ്കിലും ഇക്കുറി ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. എഎപി പ്രമുഖരായ അരവിന്ദ് കേജരിവാള്‍, മനീഷ് സിസോദിയ, സത്യേന്ദ്ര ജെയ്ന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, കൈലാഷ് ഘലോട്ട്, രജേന്ദ്ര പാല്‍ ഗൗതം എന്നിവരും തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. സംവരണ മണ്ഡലമായ അംബേദ്ക്കര്‍ നഗറില്‍ എഎപിയുടെ സിറ്റിംഗ് എംഎല്‍എ അജയ് ദത്ത് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കര്‍താര്‍ സിംഗ് തന്‍വാര്‍, പ്രകാശ് ജാര്‍വല്‍, സൗരഭ് ഭരദ്വാജ്, രഘുവീന്ദര്‍ ഷോക്കീന്‍, രാഖി ബിര്‍ള, പവന്‍ ശര്‍മ എന്നിവരെയും തങ്ങളുടെ മണ്ഡലം കൈവിട്ടില്ല.