കോളജിൽ ശാന്തമായ അന്തരീക്ഷം; അക്രമികളെ ന്യായീകരിച്ച് പ്രിൻസിപ്പൽ

01:21 PM Jul 13, 2019 | Deepika.com
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിചിത്ര വാദങ്ങളുമായി പ്രിൻസിപ്പൽ കെ.വിശ്വംഭരൻ. വിദ്യാർഥി സംഘർഷങ്ങൾ ഒന്നുമില്ലാതെ ശാന്തമായി പ്രവർത്തിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളജെന്ന് പ്രിൻസിപ്പൽ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കോളജിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. കോളജിൽ എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസിനോട് ചേർന്ന് ഇടിമുറിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും വിദ്യാർഥികൾ നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ആദ്യം താൻ സ്ഥലത്ത് എത്തിയിരുന്നു. അപ്പോൾ പ്രശ്നമൊന്നുമില്ലെന്ന് അവർ അറിയിച്ചതിനാൽ തിരിച്ചുപോവുകയായിരുന്നു. കോളജിൽ അഡ്മിഷൻ നടക്കുന്നതിനാൽ താൻ അതിന്‍റെ തിരക്കിലായിരുന്നു. കോളജിൽ നിന്നും വിദ്യാർഥികളെ നിർബന്ധിച്ച് സമരത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കും എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കൊണ്ടുപോകുന്നത് താൻ കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരേ കോളജ് അച്ചടക്ക നടപടി സ്വീകരിക്കും. തിങ്കളാഴ്ച യോഗം ചേർന്ന് ഇവരെ സസ്പെൻഡ് ചെയ്യും. കുത്തേറ്റ അഖിൽ എന്ന വിദ്യാർഥിയെ താനും സ്റ്റാഫ് പ്രതിനിധികളും ആശുപത്രിയിൽ പോയി സന്ദർശിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.