നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മുസ്ലിം യുവാവിനു ക്രൂരമർദ്ദനം. തമിഴ്നാട്ടിലെ നാഗപട്ടണത്താണു സംഭവം. നാഗപട്ടണം പൊറവച്ചേരി സ്വദേശി മുഹമ്മദ് ഫൈസാനാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഫൈസാൻ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രവും സൂപ്പിന്റെ രുചിയും വിവരിച്ചു ഫൈസാൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. അന്നു രാത്രി തന്നെ ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ചിലർ ഫൈസാന്റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി. ഇതിനു വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.
അക്രമവുമായി ബന്ധപ്പെട്ടു നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അക്രമികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ഇവർ ഹിന്ദു മക്കൾ കച്ചി അംഗങ്ങളാണെന്നാണു പോലീസ് നൽകുന്ന സൂചന.
ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ; മുസ്ലിം യുവാവിനു ക്രൂരമർദ്ദനം
05:32 AM Jul 13, 2019 | Deepika.com