പാരീസ്: ഫ്രഞ്ച് യുവതാരം കൈലിയൻ എംബാപ്പെയെ തേടി വീണ്ടും പുരസ്കാരം. 2018ലെ ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയറായി എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടു. റാഫേൽ വരാൻ, ആൻത്വാൻ ഗ്രീസ്മാൻ എന്നിവരെ പിന്നിലാക്കിയാണ് പിഎസ്ജി താരം എംബാപ്പെയുടെ നേട്ടം.
റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച എംബാപ്പെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാലണ്‍ ഡി ഓറിൽ മികച്ച യുവതാരത്തിനുള്ള കോപ്പാ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ബാലണ്‍ ഡി ഓർ നല്കുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തന്നെയാണ് മികച്ച ഫ്രഞ്ച് താരത്തെയും തെരഞ്ഞെടുത്തത്.
പിഎസ്ജിക്കു വേണ്ടിയും താരം മികച്ച പ്രകടനം എംബാപ്പെ പുറത്തെടുത്തിരുന്നു. ഈ വര്‍ഷം 34 ഗോളുകളും എംബാപ്പെ നേടി. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവ പിഎസ്ജിക്കു നേടിക്കൊടുക്കുന്നതില്‍ എംബാപ്പെ മുന്നിൽനിന്നു.
ഫ്രാന്‍സിലെ കേമൻ എംബാപ്പെ തന്നെ; താരത്തിന് ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം
05:01 AM Dec 27, 2018 | Deepika.com