ശബരിമല: നട അടയ്ക്കും വരെ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് പോലീസ്

02:24 PM Dec 25, 2018 | Deepika.com
തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ വലിയ തിരക്കാണെന്നും നടയടയ്ക്കുന്നത് വരെയുള്ള ദിവസങ്ങളിൽ യുവതികളെ സുരക്ഷ നൽകി കയറ്റാൻ പറ്റില്ലെന്നും പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം മനിതി സംഘം വന്നപ്പോഴും തിങ്കളാഴ്ച രണ്ടു യുവതികൾ വന്നപ്പോഴും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കും. ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ഈ ദിവസങ്ങളിൽ ശബരിമല ദർശനത്തിന് എത്തുന്നത്. ഈ സാഹചര്യത്തിൽ യുവതികളെ പോലീസ് സുരക്ഷയിൽ മല കയറാൻ അനുവദിക്കുന്നത് ഉചിതമാകില്ലെന്നാണ് പോലീസ് റിപ്പോർട്ട്.

സംഘപരിവാർ സംഘടനകളുമായി ബന്ധപ്പട്ട് പത്തോളം പേർ ഇപ്പോഴും സന്നിധാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അവരാണ് ഭക്തരെ പ്രതിഷേധത്തിന് അണിനിരത്തുന്നതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമുണ്ടായതു പോലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയാൽ നിയന്ത്രണം അസാധ്യമാകുമെന്നും ശബരിമലയിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സാഹചര്യങ്ങൾ പോലീസ് ഉന്നത കേന്ദ്രങ്ങൾ വഴി ആഭ്യന്തരവകുപ്പിനെ അറിയിക്കുകയായിരുന്നു.