അവരെ വെടിവച്ച് കൊല്ലണം; ഫോണിലൂടെ കർണാടക മുഖ്യമന്ത്രിയുടെ ഉത്തരവ് വിവാദത്തിൽ

01:06 PM Dec 25, 2018 | Deepika.com
ബംഗളൂരു: ജെഡിഎസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊന്ന പ്രതികളെ വെടിവച്ചു കൊല്ലാൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫോണിലൂടെ ഉത്തരവിട്ടത് വിവാദത്തിൽ. മുഖ്യമന്ത്രിയുടെ സംഭാഷണം വാർത്താ ചാനൽ പുറത്തുവിട്ടതോടെയാണ് ജെഡിഎസും സർക്കാരും വെട്ടിലായത്. സംഭവം വിവാദമായതോടെ വികാരഭരിതനായി മുഖ്യമന്ത്രി സംസാരിച്ചതാണെന്ന് വിശദീകരണവുമായി അദ്ദേഹത്തിന്‍റെ ഓഫീസ് രംഗത്തുവന്നു.

തിങ്കളാഴ്ചയാണ് ജെഡിഎസിന്‍റെ പ്രാദേശിക നേതാവും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന എച്ച്.പ്രകാശിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രകാശനെ കൊന്നവരെ വെടിവച്ചു കൊല്ലണമെന്ന് ആർക്കോ ഫോണിൽ നിർദ്ദേശം നൽകിയത്.

പ്രകാശ് സാധു മനുഷ്യനായിരുന്നുവെന്നും അയാളെ വധിച്ചവരെ വെടിവച്ച് കൊന്നേക്കൂ എന്നാണ് മുഖ്യമന്ത്രി ഫോണിൽ പറഞ്ഞത്. ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുന്നുമുണ്ട്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിക്കെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.