രക്ഷകനെ വരവേറ്റ് ലോകം; ഇന്ന് ക്രിസ്മസ്

11:40 AM Dec 25, 2018 | Deepika.com
കോട്ടയം: ശാന്തിയുടെയും സമാധാനത്തിന്‍റെയും ദൂതുമായി യേശു ഭൂമിയിൽ പിറന്നതിന്‍റെ ഓർമ പുതുക്കി ലോകമെന്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ തിരുപ്പിറവി പ്രാർഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാനകൾ നടന്നു.

കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകൾക്ക് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയും പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യവും ശുശ്രൂഷകർക്ക് നേതൃത്വം നൽകി.

പാതിര കുർബാനയ്ക്ക് ശേഷം ക്രിസ്മസുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും പള്ളികളിൽ നടന്നു.