അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ തന്നെയെന്ന് കൂടുതൽ പേരുടെ മൊഴി

03:06 PM Nov 25, 2018 | Deepika.com
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ട മൊഴികൾ നിർണായകമാകുന്നു. അപകട സമയത്ത് ബാലഭാസ്കർ വാഹനമോടിച്ചിരുന്നത് തന്നെയാണെന്നാണ് മൊഴികളിൽ വ്യക്തമാക്കിയിട്ടുള്ളത്. അഞ്ചു പേരുടെ മൊഴികളാണ് നിർണായകമാവുക.

രക്ഷാപ്രവർത്തനത്തിനെത്തിയ സമീപവാസികളും മറ്റുള്ളവരുമാണ് മൊഴിനൽകിയത്. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിന് പുറകിൽ വന്ന വാഹനത്തിലെ കൊല്ലം സ്വദേശിയുടെ മൊഴിയാണ് ഇക്കാര്യത്തിൽ ഏറ്റവും നിർണായകമാവുകയെന്നാണ് വിവരം. അതിനിടെ ബാലഭാസ്കറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു.

രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും നിർണായകമാകുമെന്നാണ് സൂചന. ഡ്രൈവർ അർജുന്‍റെ പശ്ചാത്തലവും അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ സി.കെ. ഉണ്ണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജ‍യനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പരാതിയും നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേക്ഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡ്രൈവർ അർജുനും ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും നൽകിയ മൊഴികളിലെ വൈരുദ്ധ‍്യങ്ങൾ അടക്കം വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് പിതാവിന്‍റെ പരാതിയിലെ ആവശ്യം.‌

നേരത്തെ, അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാർ ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവർ മൊഴി നൽകിയത്. എന്നാൽ, ഡ്രൈവർ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് താനും കുഞ്ഞും വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തതെന്നും പിറ്റേദിവസം പരിപാടി ഉള്ളതിനാൽ ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 25ന് പുലർച്ചെയാണ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്കറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത്. രണ്ടു വയസുകാരിയായ മകൾ തേജസ്വി ബാല സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് മരണത്തിനു കീഴടങ്ങിയത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സക്കു ശേഷമാണ് അവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.