കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് എത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷ ഒരുക്കുക പോലീസിന്റെ ഉത്തരവാദിത്വമാണ്. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ്. ശബരിമലയിൽ അക്രമം നടത്തിയ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഇതിനോടകം 2,061 പേരെ വിവിധ ജില്ലകളിൽനിന്നായി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മാത്രം 700 പേരെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്.
452 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,500 പേരെ ജാമ്യത്തിൽ വിട്ടു. നിരവധി വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമലയിൽ യുവതികൾക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി
11:20 AM Oct 26, 2018 | Deepika.com