കുണ്ടറ: റെയിൽവേ പാളത്തിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. സുഹൃത്തിന് പരിക്ക്. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയിൽ സുനിൽകുമാർ (36) ആണ് മരിച്ചത്. ഇയാളുടെ ഇരുകാലുകളും പൂർണമായും തകർന്നുപോയിരുന്നു.
സുഹൃത്ത് കുന്നത്തൂർ തോട്ടത്തുമുറി മുകളുവിളയിൽ രാമചന്ദ്രന് (അനി-46) ഗുരുതരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയിൽ കുണ്ടറ മുക്കട റെയിൽവേ ഗേറ്റിനും ഇളന്പള്ളൂർ റെയിൽവേ ഗേറ്റിനും ഇടയിൽ പാളത്തിലായിരുന്നു അപകടം. പുനലൂരിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് ട്രാക്കിൽ മദ്യപിച്ചിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുണ്ടറയിൽ റെയിൽവേ പാളത്തിൽ മദ്യപിച്ചിരുന്നവരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു
12:31 PM Oct 25, 2018 | Deepika.com