കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോ എന്ന് ഹൈക്കോടതി. കേസുമായി മുന്നോട് പോകണോ എന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനോടാണ് കോടതി ആരാഞ്ഞത്. മഞ്ചേശ്വരം എംഎൽഎ അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
അതേസമയം കേസിൽ രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നടപടി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
തെരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോയെന്ന് ഹൈക്കോടതി
11:18 AM Oct 25, 2018 | Deepika.com